ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ ഇന്ന് ഓണ്‍ലൈനായി കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചയില്‍ റഷ്യയുടെ യുക്രെയ്ന് അധിനിവേശം ചര്‍ച്ചയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതും ചര്‍ച്ചയാവുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നാലാമത് ഇന്ത്യ- യുഎസ് 2+2 മന്ത്രിതല സംഭാഷണത്തിന് മുന്നോടിയായാണ് ഇരുനേതാക്കളുടേയും കൂടിക്കാഴ്ച.
ഇരു നേതാക്കളും ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യും. ദക്ഷിണേഷ്യയിലെ സമീപകാല സംഭവവികാസങ്ങള്‍, ഇന്തോ-പസഫിക് മേഖല, മറ്റ് ആഗോള പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യും. ഉഭയകക്ഷി ബന്ധത്തില്‍ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതും ചര്‍ച്ചയാവുമെന്ന് വിദേശകാര്യ മന്ത്രാലയമിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് ബൈഡന് സംസാരിച്ചേക്കും. ആഗോള ഭക്ഷ്യ വിതരണത്തിലും, ചരക്ക് വിപണിയിലും യുദ്ധമുണ്ടാക്കിയ ആഘാതം കുറയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നത് യുഎസ് പ്രസിഡന്റ് ബൈഡന് തുടരുമെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചര്‍ച്ചയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും, വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പങ്കെടുക്കും. യുഎസ് സഹപ്രതിനിധികളായ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനുമാണ് പങ്കെടുക്കുക.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ക്വാഡ് സമ്മേളനത്തിലാണ് മോദിയും ബൈഡനും തമ്മില്‍ അവസാനം കൂടിക്കാഴ്ച നടത്തിയത്. യുക്രെയ്നെതിരായ റഷ്യയുടെ നീക്കത്തിലുളള ഇന്ത്യന്‍ നിലപാട് നിര്‍ണായകമാണ്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയത്തില്‍ നിന്ന് ഇന്ത്യ അടുത്തിടെ വിട്ടുനിന്നിരുന്നു.