ആലുവ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ പര്വീന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും റിമാന്‍ഡില്‍. ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍, ഭര്‍തൃമാതാവ് റുഖിയ, ഭര്‍തൃ പിതാവ് യൂസഫ് എന്നിവരെയാണ് ആലുവ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.ഐപിസി 304 (ബി), 498 (ഏ), 306, 34 ഐ പി സി വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.
ആലുവ ഡിവൈഎസ്പി പി കെ ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഭര്‍ത്താവിനേയും കുടുംബത്തിനേയും ബുധനാഴ്ച പുലര്‍ച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യപ്രേരണ കുറ്റമടക്കം ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.
മോഫിയ ചൊവ്വ രാത്രിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പൊലീസ് സ്റ്റേഷനില്‍ മധ്യസ്ഥചര്‍ച്ച കഴിഞ്ഞ് തിരിച്ചെത്തിയശേഷമാണ് സംഭവം. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരായ ആരോപണങ്ങള്‍് എഴുതിവച്ച കുറിപ്പും മുറിയില്‍നിന്ന് കണ്ടെടുത്തിരുന്നു. ആലുവ ഈസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ സി എല്‍ സുധീറിനെതിരെ നടപടിയെടുക്കണമെന്നും കത്തിലുണ്ട്.