മുകേഷ് എംഎൽഎയെ വിളിച്ച ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥിയെ കണ്ടെത്തി. ട്വന്റിഫോർ സംഘമാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. കുട്ടിയെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കുട്ടി അവിടെ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ എട്ട് മണിയോടെ സിപിഐഎം പ്രവർത്തകർ കുട്ടിയെ മാറ്റിയെന്നാണ് വിവരം. മീറ്റ്ന സ്വദേശിയാണ് കുട്ടി.
വി. കെ ശ്രീകണ്ഠൻ എം.പി, സ്ഥലം എംഎൽഎ കെ പ്രേംകുമാർ ഉൾപ്പെടെയുള്ളവർ കുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. കുട്ടി മുകേഷിന്റെ ആരാധകനാണെന്നും കൗതുകത്തിനായി അദ്ദേഹത്തെ വിളിച്ചെന്നുമാണ് വിവരം.
കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎൽഎയും പാലക്കാട് സ്വദേശിയായ വിദ്യാർത്ഥിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത്. പരാതി പറയാൻ വിളിച്ച വിദ്യാർത്ഥിയോട് മുകേഷ് എംഎൽഎ അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. സംഭവം വൻ വിവാദമായതോടെ വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയിരുന്നു.