മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രിംകോടതി. ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം കൈമാറിയാണ് സുപ്രിംകോടതി ജസ്റ്റിസ് എ. എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കിയത്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണസജ്ജമാകുന്നത് വരെയാണ് ക്രമീകരണം നിലനില്ക്കുക. കേരളത്തിലെയും തമിഴ്നാട്ടിലെയും ഒരോ സാങ്കേതിക അംഗത്തെ കൂടി മേല്‍നോട്ട സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇനി മേല്‍നോട്ട സമിതിക്കാകും ഡാം സുരക്ഷയുടെ പൂര്‍ണ അധികാരം. സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കും പരിഹരിക്കുന്നതിനും മേല്‍നോട്ട സമിതിക്ക് അധികാരം നല്കി. പ്രദേശികമായി നാട്ടുകാരുടെ ആശങ്കകള്‍ പരിഗണിച്ചുകൊണ്ട് വേണം മേല്‍നോട്ട സമിതി പ്രവര്‍ത്തിക്കാനെന്നും സുപ്രിംകോടതി പറഞ്ഞു.
കേരളവും തമിഴ്നാടും ഡാമുമായി ബന്ധപ്പെട്ട് ഉന്നയിച്ച എല്ലാ പരാതികളും ആവശ്യങ്ങളും മേല്‍നോട്ട സമിതി പരിഗണിക്കും. അടുത്ത മാസം 11ന് മേല്‍നോട്ട സമിതി തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. മുല്ലപ്പെരിയാറില്‍ പുതിയ സുരക്ഷാ പരിശോധനയും സുരക്ഷാ ഓഡിറ്റും നടത്തണം- കോടതി നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹര്‍ജികളാണ് സുപ്രിംകോടതിയുടെ മുന്നിലുണ്ടായിരുന്നത്.