ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഘടനാപരമായി സുരക്ഷിതമെന്ന് കേന്ദ്ര ജല കമ്മീഷന്. പ്രളയവും ഭൂചലനവും അതിജീവിക്കാന്‍ അണക്കെട്ട് പ്രാപ്തമാണെന്ന് വ്യക്തമാക്കി കേന്ദ്ര ജല കമ്മീഷന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഉപസമിതി രൂപീകരിച്ചത് ഏകപക്ഷീയമായോ നിയമ വിരുദ്ധമായോ അല്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജല കമ്മീഷന് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
ഉപസമിതി രൂപീകരണം ഭരണഘടനാ ബെഞ്ചിന്റെ വിധിയ്ക്ക് വിരുദ്ധമല്ല. അണക്കെട്ടിന്റെ സുരക്ഷ കൃത്യമായി നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടുന്ന ഉപ സമിതിയ്ക്ക് രൂപം നല്‍കിയത്. മേല്‍നോട്ട സമിതി അധികാരങ്ങള്‍ ഉപ സമിതിയ്ക്ക് കൈമാറിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.