പി വി സിന്ധുവിന് നല്കിയ വാക്കു പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടോക്കിയോയില്‍ നിന്ന് മടങ്ങിയെത്തിയാല്‍ ഒരുമിച്ച് ഐസ്ക്രീം കഴിക്കാമെന്ന് പ്രധാനമന്ത്രി വാക്ക് നല്‍കിയിരുന്നു. ഈ വാഗ്ദാനമാണ് അദ്ദേഹം പാലിച്ചത്.
ഒളിമ്ബിക്സ് മത്സരങ്ങള്‍ക്കായി ടോക്കിയോയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനോട് താരത്തിന്റെ ഭക്ഷണക്രമത്തെ കുറിച്ച് അദ്ദേഹം അന്വേഷിച്ചിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഐസ്ക്രീം ഒഴിവാക്കേണ്ടിവരുന്നതിനെ കുറിച്ച് സിന്ധു പ്രധാനമന്ത്രിയോട് സങ്കടം പങ്കുവച്ചു. ഉടന്‍ തന്നെ അദ്ദേഹം മത്സരത്തിന് ശേഷം ടോക്കിയോയില്‍ നിന്നും തിരിച്ചു വന്നാലുടന്‍ ഒരുമിച്ച് ഐസ്ക്രീം കഴിക്കാമെന്ന് വാക്ക് നല്‍കിയത്.
ഒളിമ്ബിക്സില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ സംഘടിപ്പിച്ച വിരുന്നിലാണ് പി.വി സിന്ധുവും പ്രധാനമന്ത്രിയും ഒരുമിച്ച് ഐസ്ക്രീം കഴിച്ചത്. മെഡല്‍ നേടി നാട്ടില്‍ തിരിച്ചെത്തിയാല്‍ സിന്ധു ആദ്യം എന്താകും ചെയ്യാന്‍ പോകുന്നതെന്ന ചോദ്യത്തിന് സിന്ധുവിന്റെ പിതാവ് പി.വി രമണ നല്കിയ മറുപടി വൈറലായിരുന്നു. മോദി നല്കിയ ഓഫര്‍ സ്വീകരിച്ച് സിന്ധു അദ്ദേഹത്തോടൊപ്പം ഐസ്ക്രീം കഴിക്കാന്‍ പോകും എന്നായിരുന്നു അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.