തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന താരവിവാഹ൦ ഇന്ന്. പ്രശസ്ത നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്നേഷ് ശിവനും ഇന്ന് വിവാഹിതരാകും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. രാവിലെ ചടങ്ങുകള്‍ ആരംഭിക്കും.
ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകാൻ തീരുമാനിച്ചത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഇന്ന് ഉച്ചയോടെ വിവാഹചിത്രങ്ങൾ പുറത്തുവിടുമെന്ന് വിഘ്നേഷ് ശിവൻ അറിയിച്ചു. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹസത്കാരത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് വിവരം.
സംവിധായകൻ ഗൗതം മേനോനാണ് വിവാഹച്ചടങ്ങുകളുടെ സംവിധാനം നിർവഹിക്കുന്നതെന്നാണ് സൂചന. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന് നൽകിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.