തിരുവനന്തപുരം: മുല്ലപ്പെരിയാല്‍ അണക്കെട്ട് വിഷയം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കി. രമേശ് ചെന്നിത്തലയാണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സുപ്രിം കോടതിയിലെ ഇടപെടല്‍ കാര്യക്ഷമമായില്ലെന്നും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങള്‍ക്ക് ഭയമുണ്ട്. തമിഴ്നാടിന് വെള്ളം കൊടുക്കുന്നതിന് തങ്ങള്‍ എതിരല്ല,പക്ഷേ ജനങ്ങളുടെ സുരക്ഷ പ്രധാനമാണ്. തമിഴ്നാട് മന്ത്രിയെപ്പോലെയാണ് മന്ത്രി റോഷി അഗസ്റ്റിന് സംസാരിക്കുന്നത്. അദ്ദേഹം ഇനിയെങ്കിലും കേരളത്തിലെ മന്ത്രിയായി ഉയരണം. മുല്ലപ്പെരിയാറിനെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു നിലപാട് ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു.
അതേസമയം പുതിയ അണക്കെട്ട് ആവശ്യം പലതവണ കേന്ദ്രത്തെ അറിയിച്ചെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സഭയെ അറിയിച്ചു. പുതിയ ഡാമിന്റെ വിശദപദ്ധതിരേഖ തയ്യാറാക്കി സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ സര്‍ക്കാര്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന വിവിധ പഠന റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു.