നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. ‘വാശി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. അച്ഛൻ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയിൽ മകളായ കീർത്തി നായികയാകുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ടൊവിനോയും കീർത്തിയും ആദ്യമായാണ് ഒന്നിക്കുന്നതും.
നടൻ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ‘വാശി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ പുറത്ത് വിട്ടത് ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിഷ്ണു തന്നെയാണ് നിർവഹിക്കുന്നത്.
നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വർഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണൻ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോൻ സംഗീതവും നിര്‍വ്വഹിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സുരേഷ്കുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്.