കൊച്ചി, 24-11-2022- ഡോൺ പാലത്തറയുടെ സംവിധാനത്തിൽ വിനയ് ഫോർട്ട്, ദിവ്യ പ്രഭ, നിൽജ കെ. ബേബി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫാമിലി’ 52-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ന്യുട്ടൺ സിനിമയുടെ ബാനറിൽ സനിറ്റ ചിറ്റിലപ്പിള്ളിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നെതർലാൻഡ്സ്സിൽ ജനുവരി 26 മുതൽ ഫെബ്രുവരി 6 വരെ ചലച്ചിത്രമേള നടക്കും.
ഡോൺ പാലത്തറയുടെ ആറാമത് ചിത്രമായ ‘ഫാമിലി’, കുടുംബങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ എങ്ങനെ ഒരു മാഫിയ പോലെ അവരുടെ ഉള്ളിൽ വിദഗ്ധമായി കൈകാര്യം ചെയ്യുന്നു എന്ന് ചർച്ച ചെയ്യുന്നു. മതവും കുടുംബവും എങ്ങനെ പരസപരം സമരസപ്പെട്ടിരിക്കുന്നു എന്ന ചോദ്യവും ചിത്രം മുന്നോട്ട് വയ്ക്കുന്നു.
“മധ്യകേരളത്തിന്റെ ദൃശ്യഭംഗിയും സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങളും തമ്മിലുള്ള വൈരുധ്യത്തെയും സ്ക്രീനിൽ ചിത്രീകരിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ചിത്രം വ്യത്യസ്തമായ ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്ന് കരുതുന്നു. എന്റെ നിർമാതാവ് ന്യൂട്ടൺ സിനിമയോടും ഈ സിനിമ യാഥാർഥ്യമാക്കുവാൻ എന്റെയൊപ്പം നിന്ന എല്ലാ സഹപ്രവർത്തകരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. സിനിമയെ അംഗീകരിച്ച് തിരഞ്ഞെടുത്ത ഐ.എഫ്.എഫ്. ആർ നോടും ഞാൻ എന്റെ നന്ദി രേഖപെടുത്തുന്നുവെന്നു” മേളയിലേക്ക് സിനിമ തിരഞ്ഞെടുത്തതിന് ശേഷമുള്ള അനുബന്ധ ചോദ്യങ്ങളോട് ചിത്രത്തിന്റെ രചയിതാവും സംവിധായകനും എഡിറ്ററുമായ ഡോൺ പാലത്തറ പ്രതികരിച്ചു.
“ ‘ഫാമിലി’ ഡോൺ പാലത്തറക്ക് വ്യക്തിപരമായി ഏറെ ചേർന്ന് നിൽക്കുന്ന സിനിമയാണ്. അതിനാൽ തന്നെ സിനിമ അത്രമേൽ ക്രിയാത്മകവും സത്യസന്ധവുമാണ്”- ചിത്രത്തിന്റെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോർട്ട് പ്രതികരിച്ചു.
“ഐ.എഫ്.എഫ്.ആറിലൂടെ ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും ഒരേ സമയം ധീരവും ക്രിയാത്മകവുമായ സിനിമകൾ ചെയുന്ന ഡോണിനോടൊപ്പം പ്രവർത്തിക്കുവാൻ സാധിച്ചത് അവിസ്മരണീയമായ അനുഭവമായിരുന്നുവെന്നും” ചിത്രത്തിന്റെ നിർമാതാവ് സനിറ്റ ചിറ്റിലപ്പിള്ളി പ്രതികരിച്ചു.ചിത്രത്തിൽ ഷെറിൻ കാതറിൻ സഹരചയിതാവും, ജലീൽ ബാദുഷ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.