ഇന്ത്യൻ പര്യടനത്തിനുള്ള ന്യൂസീലൻഡ് ക്രിക്കറ്റ് ടീം ജയ്പൂരിൽ എത്തി. ദുബായിൽ നിന്നുള്ള ചാർട്ടേഡ് ഫ്ലൈറ്റിലാണ് കിവീസ് താരങ്ങൾ ഇന്ത്യയിലെത്തിയത്. ബബിൾ ടു ബബിൾ ട്രാൻസ്ഫർ ആയതിനാൽ താരങ്ങൾക്ക് ക്വാറൻ്റീനിൽ കഴിയേണ്ടതില്ല. ബുധനാഴ്ച നടക്കുന്ന ടി-20 മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക.
ടി-20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിൻ്റെ ആഘാതത്തിലാണ് കിവീസ് ടീം ഇന്ത്യയിലെത്തിയത്. ഈ തോൽവി ന്യൂസീലൻഡിനു കനത്ത തിരിച്ചടി ആകുമെന്നുറപ്പ്. ടി-20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടാതിരുന്ന 9 താരങ്ങൾ കഴിഞ്ഞ ആഴ്ച തന്നെ ഇന്ത്യയിലെത്തിയിരുന്നു. മൂന്ന് ടി-20കളും രണ്ട് ടെസ്റ്റുമാണ് പര്യടനത്തിൽ ഉള്ളത്.
രോഹിത് ശർമയെ ഇന്ത്യയുടെ പുതിയ ട്വന്റി-20 ടീം നായകനായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് നയിക്കും. വിരാട് കോലി ഒഴിഞ്ഞതോടെയാണ് രോഹിത് ക്യാപ്റ്റനായത്. കെ.എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ.
വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർക്ക് ടൂർണമെന്റിൽ വിശ്രമം അനുവദിച്ചിട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. ഹർദിക് പാണ്ഡ്യയെ ഒഴിവാക്കി. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ വെങ്കടേഷ് അയ്യർ, അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ടീമിൽ ഇടംപിടിച്ചു. ഈ മാസം 17, 19, 21 തീയതികളാണ് ടി-20 മത്സരങ്ങൾ.
ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിനെ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ നയിക്കും. നായകൻ കോലി, ടി-20 നായകൻ രോഹിത് ശർമ്മ എന്നിവർക്കൊക്കെ ബിസിസിഐ വിശ്രമം അനുവദിച്ചു. ആദ്യ ടെസ്റ്റിൽ മാത്രമാണ് കോലിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. രണ്ടാം ടെസ്റ്റിൽ കോലി തന്നെയാവും ടീമിനെ നയിക്കുക.
കോലി, രോഹിത് എന്നിവർക്കൊപ്പം, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി എന്നിവർക്കും വിശ്രമം അനുവദിച്ചു. ഹനുമ വിഹാരിയെ ടീമിൽ നിന്ന് ഒഴിവാക്കി. വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് കീപ്പർ. ബാക്കപ്പായി ആന്ധ്രാപ്രദേശ് വിക്കറ്റ് കീപ്പർ ബാറ്റർ കെഎസ് ഭരത് ടീമിലെത്തി. ഭരതിനൊപ്പം മുംബൈ ബാറ്റർ ശ്രേയാസ് അയ്യർ, കർണാടക പേസർ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.