തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്ബതികള്‍ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിന്‍െറ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തില്‍ കലക്ടര്‍ ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറും.
ഈ മാസം 22നാണ് സംഭവം. സമീപവാസിയായ സ്ത്രീയുമായുള്ള തര്‍ക്കമാണ് കേസിലേക്ക് എത്തിച്ചത്. കുടുംബത്തെ ഒഴിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ പിന്തിരിപ്പിക്കാനായി രാജന് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്‍െറ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീപടര്‍ന്നത്. രാജന് (45), ഭാര്യ അമ്ബിളി (36) എന്നിവരാണ് മരിച്ചത്.
അതേസമയം, അമ്ബിളിയുടെ മൃതദേഹം തടഞ്ഞ് പ്രതിഷേധിച്ച കണ്ടാലറിയുന്ന മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മരിച്ച രാജനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവം ആത്മഹത്യ തന്നെയാണെന്നാണ് വനിതാ കമ്മീഷന് പറഞ്ഞത്. പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിച്ചത് ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചു തന്നെയാണ്, വിഷയം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യം അന്വേഷിക്കണമെന്നും വനിതാ കമ്മീഷന് പറഞ്ഞിരുന്നു.
ദമ്ബതികളുടെ മരണത്തിലേക്ക് നയിച്ച വസ്തുവിന്‍െറ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. മരിച്ച ദമ്ബതികളുടെ മക്കള്‍ക്ക് ഈ ഭൂമി തന്നെ നല്‍കണമെന്ന ആവശ്യം ശക്തമാകുകയും ഭൂമി തന്റേതാണെന്ന അവകാശവാദത്തില്‍ സമീപവാസി വസന്ത ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന്‍െറ നീക്കം.