സംസ്ഥാനത്ത് നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നടത്തിയ പരിശോധനയില്‍ 15 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റിവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ പരിശോധിച്ചതില്‍ 123 സാമ്പിളുകളാണ് നെഗറ്റിവ് ആയത്. കേന്ദ്രസംഘം ഇന്ന് വൈകിട്ട് മടങ്ങും.
ഫീല്‍ഡ് സര്‍വൈലന്‍സ്, ഫീവര്‍ സര്‍ലൈവലന്‍സ്, സാമ്പിള്‍ പരിശോധന എന്നിവ തുടരുമെന്നും നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള രീതിയില്‍ തന്നെ മുന്നോട്ടുപോകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
‘അവസാന കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള 21 ദിവസം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. സമ്പര്‍ക്കമുണ്ടായിരുന്നവരിലെ ഹൈറിസ്ക് കാറ്റഗറിയില്‍ പെടുന്നവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. രോഗഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്
പുനെ എന്‍ഐവി സംഘം ഇന്നലെ മൂന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇന്നും കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കും. രണ്ട് ദിവസത്തിനുള്ളില്‍ അവയുടെ ഫലവും ലഭിക്കും. ആരോഗ്യമന്ത്രി വ്യക്തമാക്കി