കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജീവ് രവി-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് തുറമുഖം സിനിമയുടെ റിലീസ് മാറ്റിവച്ചു. ചിത്രം എന്നാണ് തിയറ്ററിലെത്തുക എന്നു വ്യക്തമാക്കിയിട്ടില്ല. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
”വ്യക്തികളുടെ വിജയപരാജയങ്ങളേക്കാള്‍ തൃണവല്‍ഗണിച്ച് അതിലും വലിയ ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത പ്രധാനമായിരുന്ന ഒരു കഴിഞ്ഞ തലമുറയുടെ അറിയപ്പെടാതെ പോയ ത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് തുറമുഖം. ഇപ്പോഴത്തെ ഈ കാലത്തും അങ്ങനെയുള്ള ഒരു ലക്ഷ്യത്തിന് പ്രാധാന്യം ആവശ്യമാണ്. കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത്, തുറമുഖത്തിന്റെ തിയറ്റര്‍ റിലീസ് മാറ്റിവയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മാസ്ക് ധരിക്കുക, സുരക്ഷിതരായിരിക്കുക. എല്ലാവരുടെയും സ്നേഹത്തിന് നന്ദി” നിവിന്‍ പോളി കുറിച്ചു.
2022 ജനുവരി 20ന് റിലീസ് ചെയ്യാന്‍ കരുതിയിരുന്ന സിനിമയാണ് ‘തുറമുഖം’. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് ‘തുറമുഖം’. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.