മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയുന്നില്ല. ജലനിരപ്പ് ഇപ്പോഴും 138.85 അടിയില്‍ തന്നെ തുടരുകയാണ്. 825 ഘന അടി വെള്ളമാണ് സ്പില്‍വേയിലൂടെ പുറത്തേക്ക് വിടുന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് മുല്ലപ്പെരിയാറില്‍ മൂന്നാമത്തെ ഷട്ടറും തുറന്നത്. ഉയര്‍ത്തിയത് 30 സെന്റിമീറ്റര്‍. ഇതുവഴി 275 ഘനയടി വെള്ളം കൂടുതലായി ഒഴുകുന്നു. ആകെ പുറത്തേക്കൊഴുകുന്ന ജലം 825 ഘനയടിയായി വര്‍ധിച്ചു.
എന്നാല്‍ മൂന്ന് ഷട്ടറും തുറന്നിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞിട്ടില്ല.അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്തതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അണക്കെട്ടിലേക്ക് എത്തുന്ന അളവിനനുസരിച്ച് അണക്കെട്ടിന്റെ പുറത്തേക്ക് ജലം പോകുന്നില്ല.
അതേസമയം ജലനിരപ്പ് കുറയാത്തതില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. തമിഴ്നാട് കൂടുതല്‍ ജലം കൊണ്ടുപോകാന്‍ ശ്രമിക്കണം എന്ന് മന്ത്രി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ഇനിയും ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കണം. അങ്ങനെ ഒഴുക്കിയാലും അതൊരിക്കലും പെരിയാറിനെയോ ഇടുക്കി അണക്കെട്ടിനെയോ ബാധിക്കില്ല എന്നും മന്ത്രി പറഞ്ഞു.