ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിക്കെതിരായ ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. പദ്ധതി അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക ഉദ്ദേശത്തോടെയാണ് പദ്ധതിക്കെതിരെ ഹരജി നല്‍കിയതെന്ന് നിരീക്ഷിച്ച ഹൈകോടതി, ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ചീഫ് ജസ്റ്റിസ് വി.എന്‍ പാട്ടീല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
വരുന്ന നവംബറില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്. ഡല്‍ഹിയില്‍ താമസിക്കുന്ന നിര്‍മാണ തൊഴിലാളികള്‍ എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നത്. അതു കൊണ്ട് പദ്ധതി നിര്‍ത്തിവെക്കേണ്ട കാര്യമില്ല. ഈ സാഹചര്യത്തില്‍ ഹരജിയിലൂടെ പദ്ധതിയെ ചോദ്യം ചെയ്യുന്നത് ആത്മാര്‍ഥതയില്ലാത്ത നടപടിയാണെന്നും ഡിവിഷന് ബെഞ്ച് വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സെന്‍ട്രല്‍ വിസ്റ്റ പദ്ധതി നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്ന് ചൂണ്ടിക്കാട്ടി സമൂഹിക പ്രവര്‍ത്തകരായ സുഹൈല്‍ ഹാഷ്മി, അന്യ മല്‍ഹോത്ര എന്നിവര്‍ ഹൈകോടതിയെ സമീപിച്ചത്. കോവിഡ് വ്യാപന കാലത്ത് രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ശരിയല്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.