വയനാട്: സംസ്ഥാനത്ത് നോറോവൈറസ് ബാധ സ്ഥിരീകരിച്ചതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളില്‍ ആണ് നോറോവൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണം. സൂപ്പര്‍ ക്ലോറിനേഷന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. പൂക്കോട് വെറ്ററിനറി കോളേജിലെ കുടിവെള്ളസ്രോതസ്സ് മലിനമാക്കപ്പെട്ടതാണ് രോഗം പടരാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.