ന്യൂയോര്‍ക്ക്: ട്വിറ്ററിലെ ജീവനക്കാരുടെ കൂട്ടരാജിയില്‍ ആശങ്കയില്ലെന്ന് ഇലോണ്‍ മസ്ക്. സമയം നോക്കാതെ പണിയെടുക്കണമെന്നും അല്ലാത്തവര്‍ക്ക് പിരിഞ്ഞുപോകാമെന്നുമുള്ള ഇലോണ്‍ മസ്കിന്റെ അന്ത്യശാസനത്തിനു പിന്നാലെയാണ് ട്വിറ്ററില്‍ ജീവനക്കാര്‍ കൂട്ടത്തോടെ രാജിവെക്കുന്നത്.
നൂറുകണക്കിന് ജീവനക്കാരാണ് ഇതിനകം രാജിവെച്ചത്. ഇതോടെ കമ്ബനിയുടെ ഓഫിസുകള്‍ പലതും താല്‍ക്കാലികമായി അടച്ചുപൂട്ടി. മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി 3000ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ‘മികച്ചവര്‍ നില്ക്കും, അതിനാല്‍ അതിയായ ആശങ്കയില്ല’ -മസ്ക് ട്വീറ്റ് ചെയ്തു. നൂറുകണക്കിന് ജീവനക്കാര്‍ ട്വിറ്ററിന്റെ ഇന്റേണല്‍ മെസ്സേജിങ് പ്ലാറ്റ്ഫോമായ സ്ലാക്കില് രാജിവെച്ചതായുള്ള സന്ദേശങ്ങളും ഇമോജികളും പോസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘പുതിയ ട്വിറ്ററിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടോ’ എന്ന പോളില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനകം നിലപാട് അറിയിക്കാനാണ് നിര്‍ദേശം നല്‍കിയത്. അല്ലാത്തവര്‍ക്ക് പിരിഞ്ഞുപോകാം. നിശ്ചിത സമയത്തിനകം വിവരം അറിയിക്കാത്തവരെ മൂന്നു മാസത്തെ ശമ്ബളം നല്കി പിരിച്ചുവിടുമെന്നും മസ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.