തൊടുപുഴ: വാഗമണില്‍ ഓഫ് റോഡ് റൈഡ് നടത്തിയതിന് നടനും നിര്‍മ്മാതാവുമായ ജോജു ജോര്‍ജിനെതിരെ കടുത്ത നടപടിയിലേക്ക് കടക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്.
ജോജുവിന് നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനാലാണ് നടപടി.
ഹാജരാകാതിരുന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി ആര്‍ഡിഒ ആര്. രമണന് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 10-ാം തീയതിയാണ് ജോജുവിന് നോട്ടീസ് അയച്ചത്. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമടക്കം ഹാജരാകാനായിരുന്നു നിര്‍ദേശം. നേരത്തെ ജോജുവിനെതിരെ പൊലീസും കേസെടുത്തിരുന്നു. അനുമതിയില്ലാതെ അപകടകരമാം വിധം ജീപ്പ് റൈഡ് നടത്തിയതിനാണ് കേസ്. ജില്ലയില്‍ ഓഫ് റോഡ് ട്രക്കിങ് നിരോധനം നിലവിലുണ്ട്.
റൈഡിന് സ്ഥലം അനുവദിച്ച സ്ഥലമുടമയ്ക്കെതിരെയും സംഘടകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജോയിന്റ് ആര്‍ടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആര്‍ടിഒ അറിയിച്ചിരുന്നു.
വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ഓഫ് റോഡ് റൈഡ് നടന്നത്. ഓഫ് റോഡ് അസോസിയേഷന് ഓഫ് കേരളയാണ് റൈഡ് സംഘടിപ്പിച്ചത് സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തോടെയായിരുന്നു റൈഡ്.
ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൃഷിക്ക് മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.