കൊച്ചി: പ്രതിഷേധങ്ങള്‍ക്കിടെ ഇന്ധനവിലയില്‍ വീണ്ടും കുതിപ്പ്. ബുധനാഴ്ച ഒരു ലിറ്റര്‍ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയും വര്‍ധിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ 93.09, ഡീസലിന് 87.63 എന്നിങ്ങനെയായി. എണ്ണക്കമ്ബനികള്‍ നിലനില്‍ക്കുന്ന എറണാകുളം കാക്കനാട്ട് ബുധനാഴ്ച പെട്രോള്‍ വില 91.08 രൂപയായി.
ശനിയാഴ്ച ഇന്ധന വിലവര്ധനക്കുശേഷം ഞായറും തിങ്കളും വില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. നവംബര്‍ 19നുശേഷം തുടര്‍ച്ചയായി ഇന്ധനവില ഉയരുകയാണ്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വിലയുടെ വര്‍ധനയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നതെന്ന വിശദീകരണമാണ് എണ്ണക്കമ്ബനികള്‍ നല്‍കുന്നത്. ബ്രന്റ് ക്രൂഡോയില്‍ വില ബാരലിന് 65.67 ഡോളറില്‍ എത്തി നില്ക്കുന്നു.പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ 37 പൈസയുമാണ് ചൊവ്വാഴ്ച കൂട്ടിയത്.
ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 91 (90.93) രൂപക്കടുത്തെത്തി. ഡീസല്‍ 81 രൂപയും കടന്നു(81.32). മുംബൈയില്‍ പെട്രോള്‍ വില 97.34 രൂപയായപ്പോള്‍ ഡീസലിന് 88.44 രൂപയുമായി ഉയര്‍ന്നു. തുടര്‍ച്ചയായി 12 ദിവസം വില കൂട്ടിയശേഷമാണ് കഴിഞ്ഞ രണ്ടുദിവസം വില വര്‍ധന ഇല്ലാതിരുന്നത്.