138 ദിവസത്തിന് ശേഷം രാജ്യത്ത് ഇന്ധന വില കൂട്ടി. നാല് മാസം മുൻപ് കഴിഞ്ഞ വർഷം നവംബർ നാലിനാണ് രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ മാറ്റം വന്നത്. നവംബർ നാലിനാണ് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറച്ചത്. ഇതിന് പിന്നാലെ ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വന്നതോടെ ദിവസേനയുള്ള വില നിശ്ചയിക്കൽ നടന്നിട്ടില്ല.
സംസ്ഥാനത്തും ഇന്ധനവില വർധിച്ചു. ഒരു ലിറ്റർ ഡീസലിന് 85 പൈസയും ഒരു ലിറ്റർ പെട്രോളിന് 88 പൈസയുമാണ് കേരളത്തിൽ വർദ്ധിച്ചത്. ഇന്ധന വില ചൊവ്വാഴ്ച അതിരാവിലെ മുതൽ പ്രാബല്യത്തിലായിട്ടുണ്ട്.
നവംബർ നാലിന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 85 ഡോളറായിരുന്നു. ഇവിടെ നിന്ന് പിന്നീട് 70 ഡോളറിലേക്ക് വരെ ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു. എന്നാൽ യുദ്ധം വന്നതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന് കഴിഞ്ഞ രാത്രി 130 ഡോളറിലേക്കെത്തി. ഇപ്പോൾ 128 ഡോളറാണ് അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില.
ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില ഒൻപത് ശതമാനമാണ് ഉയർന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. നൂറിലേറെ ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ തുടരുന്ന പെട്രോൾ – ഡീസൽ വിലയിലും കാര്യമായ വാർധനവുണ്ടാകുമെന്നാണ് വിവരം.