ഒമാനിലെ പൊതുമാപ്പിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നത് പതിനായിരത്തോളം ആളുകൾ. ബംഗ്ലാദേശ് സ്വദേശികളാണ് മടങ്ങുന്നവരില്‍ കൂടുതലും. ഡിസംബര്‍ പകുതിയിലെ കണക്കുകള്‍ പ്രകാരം മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത ബംഗ്ലാദേശ് സ്വദേശികളുടെ എണ്ണം മുപ്പതിനായിരം കടന്നു. പൊതുമാപ് വഴി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം താരതമ്യേനെ കുറവാണ്.
അതേസമയം ഇവര്‍ ഇടപാടുകള്‍ നടത്തുന്നതിനായി ആശ്രയിച്ചിരുന്നത് ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും ഹോട്ടലുകളെയും കഫറ്റീരിയകളെയുമായതിനാൽ ഇവരുടെ മടക്കം വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള ചെറുകിട വ്യാപാരികള്‍. ഇവരുടെ വിയോഗം വന്‍ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്ന് ചെറുകിട വ്യാപാരികളില്‍ ചിലര്‍ പറയുന്നു. ബംഗ്ലാദേശ് സ്വദേശികള്‍ ഏറ്റവും കൂടുതല്‍ തങ്ങുന്ന ഹമരിയ അടക്കം മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളെ പ്രതിസന്ധി കാര്യമായിതന്നെ ബാധിക്കാനാണ് സാധ്യത. മുൻപ് മലയാളികൾ ആയിരുന്നു പ്രധാന ഉപഭോക്താക്കൾ എങ്കിലും മലയാളികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ ബംഗ്ലാദേശികളാണ് ചെറുകിട കടകള്‍ക്കും കഫ്റ്റീരിയകള്‍ക്കും ജീവന് നല്‍കിയിരുന്നത്.
തൊഴില്‍- താമസ നിയമങ്ങള്‍ ലംഘിച്ച് ഒമാനില്‍ കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാന്‍ തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ച പദ്ധതിയുടെ കാലാവധി ഈ മാസം 31 വരെയാണ്. ഏതായാലും ഇവരുടെ തിരിച്ചുപോക്ക് പൊതുവേ പ്രതിസന്ധി നേരിടുന്ന ചെറുകിട വ്യാപാര മേഖലക്ക് കൂടുതല്‍ തിരിച്ചടിയാവും.