സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഝ്യക്ഷഷതയില് ഇന്ന് അവലോകന യോഗം ചേരും. വൈകിട്ട് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണവും ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണവും കൂടി വരികയാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നത്.
നിലവില്‍ രാത്രികാല കര്‍ഫ്യു പുനരാരംഭിക്കണം എന്ന നിര്‍ദ്ദേശമുണ്ട്. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണം വീണ്ടും കര്‍ശനമാക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്ക് രാജ്യങ്ങളില്‍നിന്ന് ആകെ 52 പേരും ലോ റിസ്ക് രാജ്യങ്ങളില്‍നിന്ന് 109 പേരും എത്തിയിട്ടുണ്ട്. 20 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേര് ആശുപത്രി വിട്ടു. എറണാകുളം-16, തിരുവനന്തപുരം-15, തൃശൂര്‍-നാല്, ആലപ്പുഴ-മൂന്ന്, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍-ഒരാള്‍ വീതം എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ 139 പേരാണ് ചികിത്സയിലുള്ളത്