ഓണം ബംപര്‍ സമ്മാനത്തുക 25 കോടി രൂപയായി ഉയർത്തി. ലോട്ടറി വകുപ്പിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാവും ഇത്തവണ ഓണം ബംപർ. ടിക്കറ്റ് നിരക്ക് 500 രൂപയായി ഉയർത്തും. അടുത്ത തിങ്കളാഴ്ച മുതല്‍ വില്പന തുടങ്ങും
രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും മൂന്നാം സമ്മാനമായി പത്ത് പേര്‍ക്ക് ഒരു കോടി രൂപ വീതവും നല്‍കാനാണ് ശുപാര്‍ശ. കഴിഞ്ഞ വര്‍ഷം വരെ 12 കോടി രൂപ ഓണം ബംപര്‍ സമ്മാനത്തുകയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു. സമ്മാനത്തുക വര്‍ധിപ്പിക്കുന്നത് ടിക്കറ്റിന്റെ സ്വീകാര്യതയും പ്രചാരവും കൂട്ടുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. അതേസമയം, വില വര്‍ധിപ്പിക്കുന്നത് വില്പനയെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.