മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. അബ്ദുല്‍ മജീദ് എന്നായാളെ പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുല്‍ ജലീലിന്റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്ന്ന് ആക്രമിച്ചത്.
ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങള്‍ ഉപയോഗിച്ചാണെന്നാണ് മൊഴി. കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ഹെല്‍മറ്റുപയോഗിച്ചാണ് കാറിന്റെ ചില്ല് തകര്‍ത്തതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. അബ്ദുല്‍ ജലീലിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നടക്കുന്നത്.
തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം അബ്ദുള്‍ ജലീല്‍ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മരിച്ചത്.
കൗണ്‍സിലറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നഗരസഭാ പരിധിയില്‍ യുഡിഎഫ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറ് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ഹര്‍ത്താല്‍.