ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ 2020 ജൂണ്‍ പതിനാലിനാണ് മുംബൈയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു സുശാന്തിന്റെ അപ്രതീക്ഷിത വിയോഗം. വിടവാങ്ങി ഒരാണ്ട് തികയുമ്പോഴും സുശാന്തിന്റെ മരണത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല.
സുശാന്ത് എന്തിന് ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ചിലരുടെ ഇടപെടലിലൂടെ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ വേദനയും കൊവിഡും തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ക് ഡൗണും ഏകാന്തതയുമെല്ലാം സുശാന്തിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചു എന്ന ആരോപണവും ഉയര്‍ന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും ചര്‍ച്ചയായി.
സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ഇതിന് മരുന്ന് കഴിച്ചിരുന്നുവെന്നുമെല്ലാം അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ബോളിവുഡിലെ പ്രമുഖരുടെ പേര് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നു. മുന്‍ കാമുകി അങ്കിതയുടെ പേരും സുശാന്തിന്റെ ആത്മഹത്യയുമായി ചേര്‍ത്തുവച്ചു.
അതിനിടെ സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപണം ഉയര്‍ന്നു. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയെ കേസില്‍ ചോദ്യം ചെയ്തു. സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡ് സിനിമാ ഇന്ഡസ്ട്രിയിലെ മയക്കുമരുന്ന് ഉപയോഗവും ഉയര്‍ന്നുവന്നു. കേസില്‍ റിയയും സഹോദരന് ഷൗവിക് ചക്രവര്‍ത്തിയും അറസ്റ്റിലായി. ഒരു മാസത്തോളം ജയിലില്‍ കിടന്ന റിയ അടുത്തിടെയാണ് പുറത്തിറങ്ങിയത്.
2020 സെപ്റ്റംബര്‍ 29-ന് താരത്തിന്റെ മരണം ആത്മഹത്യതന്നെയെന്ന് വ്യക്തമാക്കി എയിംസിലെ ഡോക്ടര്‍മാരുടെ സമിതി വിശദമായ റിപ്പോര്‍ട്ട് സി.ബി.ഐയ്ക്ക് സമര്‍പ്പിച്ചു.