തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തല തന്നെ മതിയെന്ന ആവശ്യത്തിലുറച്ച് ഉമ്മന്‍ചാണ്ടി. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുമ്ബോഴും ഉമ്മന്‍ചാണ്ടി ചെന്നിത്തലക്കുവേണ്ടി നിലകൊള്ളുകയാണ്. ഇതുതന്നെയാണ് ഹൈക്കമാന്റിനെ പ്രതിരോധത്തിലാക്കുന്നതും.
ആവേശം കൊണ്ടുമാത്രം പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ആവില്ലെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചെന്നിത്തല വേണമെന്നുമാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഈ ആവശ്യമുന്നയിച്ച് ഉമ്മന്‍ചാണ്ടി ഇന്നലെ രാത്രി ഹൈക്കമാന്റിലെ ചില നേതാക്കളുമായി ഫോണില്‍ സംസാരിച്ചുവെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ വലിയ താല്പര്യമൊന്നും കാണിച്ചില്ലെങ്കിലും ഒരു വട്ടം കൂടി പ്രതിപക്ഷ നേതാക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തലയും ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
എന്നാല്‍ ഗ്രൂപിന് അതീതമായി യു.ഡി.എഫ് എം.എല്‍.എമാരില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണ വി.ഡി. സതീശനാണ്. ചെന്നിത്തലയുടെ വാക്കുകള്‍ ജനം വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
എ.ഐ.സി.സി നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വൈത്തിലിംഗം എന്നിവര്‍ ഹൈക്കമാന്റിന് നല്‍കിയിട്ടുണ്ട്. ഘടകകക്ഷികള്‍ ഹൈക്കമാന്റ് എടുക്കുന്ന തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നാണ് പ്രതികരണം.