ബലാത്സംഗം ഉള്‍പ്പടെ സ്ത്രീകള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ തടയാന്‍ പാകിസ്ഥാനില്‍ കര്‍ശന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തില്‍ നിയമമന്ത്രാലയം അവതരിപ്പിച്ച ആന്റി റേപ് ഓര്‍ഡിനന്‍സിന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അംഗീകാരം നല്‍കിയതായാണ് വിവരം. എന്നാല്‍ പുതിയ നിയമം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
ബലാത്സംഗ കേസുകളുടെ അന്വേഷണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും കേസുകളില്‍ കാലതാമസം ഒഴിവാക്കുന്നതിനും സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുളള നടപടിക്രമങ്ങള്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ബലാത്സംഗ കേസുകളിലെ പ്രതികളെ ഷണ്ഡീകരണം നടത്തുന്നത് ഉള്‍പ്പടെയുളള കര്‍ശന നടപടികള്‍ പുതിയ നിയമമനുസരിച്ച് നിലവില്‍ വരും. ലൈംഗിക പീഡന കേസുകളില്‍ കാലതാമസം കൂടാതെ പ്രതികളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമുളള വകുപ്പുകളും നിയമത്തിലുണ്ട്.