ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ പാലക്കാട് നഗരസഭയില്‍ ദേശീയപതാകയുടെ ഫ്ലക്സ് ഉയര്‍ത്തി ഡി.വൈ.എഫ്.ഐ. സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രവര്‍ത്തകരാണ് ദേശീയപതാകയുടെ ഫ്ളക്സ് ഉയര്‍ത്തിയത്.
നഗരസഭയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കെട്ടിടത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി. ഇത് കേരളമാണ്, മതേതര കേരളം, ഗുജറാത്തല്ല, ഗുജറാത്ത് ആക്കാന്‍ അനുവദിക്കുകയുമില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
‘ജയ് ശ്രീറാം’ ബാനര്‍ തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നഗരസഭ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ പൊലീസ് ആണ് കേസടുത്തത്. സിപിഎം പ്രാദേശിക നേതൃത്വവും വിഷയത്തില്‍ പരാതി നല്‍കിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ പാലക്കാട് നഗരസഭയുടെ ഭരണമുറപ്പാക്കിയതിന് പിന്നാലെ നഗരസഭാ മന്ദിരത്തിനു മുകളില്‍ കയറി ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുഴക്കി ഫ്ളക്സ് സ്ഥാപിച്ചത്. ഭരണഘടനാ സ്ഥാപനമായ മുനിസിപ്പല്‍ ഓഫീസിന് മുകളില്‍ കയറി ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും ‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.