കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായതായി ഡിഎംആര്‍സി. പാലാരിവട്ടം പാലത്തില്‍ തുറന്നു കൊടുക്കുന്നതിന് മുന്നോടിയായുള്ള ഭാരപരിശോധന ആരംഭിച്ചു. പാലാരിവട്ടം പാലം പണി പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുന്നതിന് മുന്നോടിയായുളള അവസാനവട്ട ഭാരപരിശോധനകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പാലത്തിന് ഏതെങ്കിലും തരത്തില്‍ ബലക്ഷയമുണ്ടോ, വാഹനങ്ങളെ വഹിക്കാന്‍ ശേഷിയുണ്ടോ എന്നത് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഭാരപരിശോധന നടത്തുന്നത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പാലം തുറന്നുകൊടുക്കാനാവൂ
പാലത്തിലുള്ള മുപ്പത്തിയഞ്ച് മീറ്ററിന്റെയും ഇരുപത്തിരണ്ടു മീറ്ററിന്റെയും ഓരോ സ്പാനുകളിലാണ് ഭാര പരിശോധന നടത്തുന്നത്. മാര്‍ച്ച് നാലിന് പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കും. തുടര്‍ന്ന് ഉദ്ഘാടനച്ചടങ്ങില്ലാതെ തന്നെ പാലം തുറന്നു കൊടുത്തേക്കും. നിലവില്‍ നാലുവാഹനങ്ങളാണ് ഭാരപരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. 30 ടണ്‍ വീതം ഭാഗമുളള രണ്ടുലോറികള്‍ പാലത്തിന്റെ ഒരു ഭാഗത്തും 25 ടണ്‍ ഭാരമുളള രണ്ടുലോറികള്‍ പാലത്തിന്റെ മറുഭാഗത്തും നിര്‍ത്തിയാണ് പരിശോധന നടത്തുന്നത്. അല്പ സമയം കഴിയുമ്ബോള്‍ വാഹനങ്ങളുടെ എണ്ണം ആറാക്കി മാറ്റും. ഇത്തരത്തില്‍ ഭാരം കൂട്ടിക്കൂട്ടിയാണ് പരിശോധന പൂര്‍ത്തിയാക്കുക.
ജോലികള്‍ പൂര്‍ത്തിയായെന്നും പാലം അടുത്ത വെള്ളിയാഴ്ചയോടെ ഗതാഗതത്തിനു സജ്ജമാകുമെന്നും ഡി.എം.ആര്.സി അറിയിച്ചു. പാലം സര്‍ക്കാരിന് കൈമാറുമെന്നും ഡി.എം.ആര്.സി ചീഫ് എഞ്ചീനിയര്‍ പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍വന്നതോടെ പാലാരിവട്ടം മേല്‍പാലം ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങില്ലാതെ തുറന്നു നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.