പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെ അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് സംഘം ആശുപത്രിയിലെത്തി.അദ്ദേഹം ചികിത്സയിലുള്ള ലേക് ഷോര്‍ ആശുപത്രിയിലാണ് സംഘം എത്തിയത്. രാവിലെ ആലുവയിലെ വീട്ടിലെത്തിയ വിജിലന്‍സ് സംഘം വീട് മുഴുവന്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ എം എല്‍ എ ആശുപത്രിയിലാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഇത് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഒരു സംഘം ലേക് ഷോര്‍ ആശുപത്രിയിലെത്തിയത്. ഇപ്പോഴും വിജിലന്‍സിന്റെ ഒരു സംഘം അദ്ദേഹത്തിന്റെ വീട്ടിലുണ്ട്.
ആശുപത്രിയില്‍വെച്ച് ഇബ്രാഹീം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാന്‍ വിജിലന്‍സിന് സാധിക്കുമോയെന്ന് സംശയമാണ്. അന്വേഷണ സംഘത്തിന് ഇതുവരെ ഇബ്രാഹീം കുഞ്ഞിനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഡോക്ടര്‍മാരുമായി സംഘം കൂടിക്കാഴ്ച നടത്തും. ആരോഗ്യ അവസ്ഥ പരിശോധിച്ച ശേഷമാകും വിജിലന്‍സ് തുടര്‍ നടപടി സ്വീകരിക്കുക.