വിദ്വേഷ പ്രസംഗ കേസിൽ ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ഫോര്‍ട്ട് എ സി ഓഫിസില്‍ ഹാജരാകണമെന്നാണ് പി സി ജോര്‍ജിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പി സി ജോര്‍ജ് അറിയിച്ചിട്ടുണ്ട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ പി.സി.ജോർജിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാൽ ആരോഗ്യപ്രശ്നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് പി.സി.ജോർജ് മറുപടി നൽകിയിരുന്നു.
കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഘട്ടത്തിൽ ഹജരാകണം എന്ന ഉപാധിയോടെയാണ് പി.സി.ജോർജിന് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രിയാണ് തന്റെ അറസ്റ്റിന് പിന്നിലെന്നും മുഖ്യമന്ത്രിക്ക് തൃക്കാക്കരയിൽ മറുപടി നൽകുമെന്നും പി.സി.ജോർജ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ജോർജിന് പൊലീസ് നോട്ടീസ് അയച്ചത്.
കേസിൽ മെയ് മാസം ഒന്നാം തീയതിയാണ് പി.സി.ജോർജിന് കോടതി ജാമ്യം അനുവദിച്ചത്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോർജിന്റെ വിവാദ പരാമർശം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ പൊലീസിനു പരാതി നൽകി. ഈ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ കേസിൽ ജാമ്യത്തിലിരിക്കെയാണ് പി.സി.ജോർജ് കൊച്ചിയിലെ വെണ്ണലയിൽ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.