ദില്ലി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ 7 പൈസയായി. ഡീസല്‍ വില 87 രൂപ 67 പൈസയാണ് വില.
കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91 രൂപപ 48 പൈസയും ഡീസലിന് ലിറ്ററിന് 86 രൂപ 11 പൈസയുമായി. ഒന്‍പത് മാസത്തിനിടെ ഇന്ധനവില വര്‍ധിച്ചത് 21 രൂപയാണ്. 48 തവണകളിലായാണ് ഇന്ധനവില വര്‍ധിച്ചിരിക്കുന്നത്.
അതേ സമയം ഇന്ധനവില വര്‍ധനവിനെ പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര നികുതിയുടെ ഭാഗം കുറക്കാനാകുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. വരും ദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുമെന്നാണ് വിവരങ്ങള്‍. ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് ഇന്ധനവില വര്‍ധനവിന് പ്രധാന കാരണം.
ഇന്ധനവില വര്‍ധനവ് സാധാരണക്കാരുടെ ജീവിതത്തെ വലിയ രീതിയിലാണ് ബാധിക്കുന്നത്. തുടര്‍ച്ചയായുള്ള ഇന്ധനവിലക്കയറ്റത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ദിനംപതി ഇന്ധനവില ഉയരുന്ന പ്രവണത തുടര്‍ന്നാല്‍ അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ സാധാരണ ജനങ്ങളുടെ ജീവിതെ കൂടുതല്‍ ദുസഹമാകും.
പെട്രോള്‍ ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് സംയുക്ത വാഹന പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്ക് നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി, അഡീഷ്ണല്‍ എക്സൈസ്, സര്‍ചാര്‍ജ്, തുടങ്ങിയവ കുത്തനെ ഉയര്‍ത്തിയത് പെട്രോളിയം കമ്ബനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാനാണെന്നും , വിലക്കയറ്റം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നുമാണ് സംയുക്ത സമരസമിതിയുടെ ആവശ്യം