ഫോട്ടോഗ്രാഫർമാരുടെയും വീഡിയോ എഡിറ്റർ മാരുടെയും കംപ്യൂട്ടറുകൾ ഹാക്ക് ചെയ്ത് വിവാഹ ഫോട്ടോകൾ ഉൾപ്പെടെ നിരവധി ഡാറ്റകൾ ഹാക്കർമാർ കൈവശപ്പെടുത്താൻ ഉള്ള സാധ്യതകളുണ്ടെന്നു കേരള പോലീസിൻറെ മുന്നറിയിപ്പ് .ഇത് തിരികെ ലഭിക്കണമെങ്കിൽ അവർ പണം ആവശ്യപ്പെടുകയാണ് തട്ടിപ്പുകാരുടെ രീതി. ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികളിൽ നിക്ഷേപിക്കാനും ഇവർ ആവശ്യപ്പെടും.കൂടുതലും വിദേശരാജ്യങ്ങളിൽ ഇരുന്നാണ് തട്ടിപ്പുകാർ ഇത് നടത്തി വരുന്നത് . ഫോട്ടോഗ്രാഫർമാരുടെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിട്ടുള്ള വിവാഹ ഫോട്ടോകൾ ഉൾപ്പെടെയുള്ള അതീവ പ്രാധാന്യമുള്ള ടാറ്റ നഷ്ടപ്പെടുന്നതോടെ ഇതിന് ഇരയാകുന്നവർ ആകെ പരിഭ്രാന്തിയിലാകും .
ഡാറ്റ തിരികെ ലഭിക്കുന്നതിന് വേണ്ടി സൈബർ ക്രിമിനലുകൾ മോചനദ്രവ്യം ആവശ്യപ്പെടുന്നു .കസ്റ്റമേഴ്സിനു കൃത്യസമയത്ത് ഫോട്ടോ ആല്ബം നൽകുന്നതിന് മാത്രമല്ല അവരുടെ ഫോട്ടോകൾ വീഡിയോകൾ പുറത്ത് പോകാതിരിക്കാൻ ഗത്യന്തരമില്ലാതെ അവർ ആവശ്യപ്പെടുന്ന പണം നൽകാൻ നിർബന്ധിതരാകുന്നു .വിശ്വാസനീയത ഇല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴോ , അനധികൃതമായ സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴോ കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറുന്ന റാൻസംവെയറുകളിൽ ഇതിൽ സേവ് ചെയ്തിരിക്കുന്ന ഡാറ്റകളിൽ പ്രവേശിച്ച് അതിനെ എൻക്രിപ്ട് ചെയ്യുന്നു.
ഇത്തരം റാൻസംവെയർ എൻക്രിപ്ഷൻ വഴി കമ്പ്യൂട്ടറിൽ ശേഖരിച്ചു വച്ചിട്ടുള്ള വിവരങ്ങൾ മുഴുവൻ തട്ടിപ്പുകാർ കൈവശപ്പെടുത്തും. കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിൽ പിന്നീട് ഒന്നും നമുക്ക് കാണാൻ കഴിയില്ല .അതിനാൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കേരള പോലീസ് ആവശ്യപ്പെടുന്നു .അനാവശ്യമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണം, ഇൻറർനെറ്റിൽ നിന്ന് ലഭിക്കുന്ന സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നൽകുന്ന പെർമിഷനുകളിൽ അടങ്ങിയിരിക്കുന്ന റിസ്ക് നല്ലത് പോലെ മനസിലാക്കണം .അതീവ പ്രാധാന്യമുള്ള ഡാറ്റ സൂക്ഷിച്ചിരിക്കുന്ന കംപ്യൂട്ടറുകളിൽ എനി ഡെസ്ക് , ടീം വ്യൂവർ പോലുള്ള വിദൂര നിയന്ത്രണ അപ്പ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യരുത്.കമ്പ്യൂട്ടറിന്റെ പാസ്സ്വേർഡുകൾ ടെക്സ്റ്റ് രൂപേനെയാക്കി കമ്പ്യൂട്ടറിൽ സേവ് ചെയ്ത് വെക്കാതിരിക്കുക .ഓപ്പറേറ്റിങ് സിസ്റ്റം കൃത്യമായി അപ്ഡേറ്റ് ചെയ്യണം സുരക്ഷിതമായി ആൻറിവൈറസ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യണം എന്നും കേരള പോലീസിൻറെ മുന്നറിയിപ്പിൽ പറയുന്നു