ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊന്നാട സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ പൊന്നാട അണിയിക്കാനുള്ള എല്ലാ അവകാശവും മുഖ്യമന്ത്രിക്ക് ഉണ്ടെന്നാണ് മോദി പറഞ്ഞത്. പൊന്നാടയണിയിക്കാൻ അനുവാദം ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.
‘താങ്കൾ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ പൊന്നാട നൽകാൻ എല്ലാ അവകാശവുമുണ്ട്’ -പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പൊന്നാട അണിയിക്കുമ്പോൾ ഫോട്ടോ എടുക്കാൻ അദ്ദേഹം ഔദ്യോഗിക ഫോട്ടോഗ്രാഫറോട് പ്രത്യേകം നിർദേശിക്കുകയും ചെയ്തു.
‘രാഷ്ട്രീയം ഭിന്നമാണെങ്കിലും വികസനവിഷയവുമായി അതൊരിക്കലും കൂട്ടിക്കുഴയ്ക്കില്ല. കേരളത്തിന്റെ വികസനം എന്റെ സ്വപ്നംകൂടിയാണ്. അതുകൊണ്ട് കേരളത്തിന്റെ പദ്ധതികളിലും വികസന വിഷയങ്ങളിലും ആശങ്കവേണ്ടാ’ -പ്രധാനമന്ത്രി പറഞ്ഞു.