കാസര്‍ഗോഡ്: ആരെയും വ്യക്തിപരമായി ആക്രമിക്കുന്നത് ശൈലിയല്ലെന്നും രാഷ്ട്രീയ എതിര്‍പ്പാണ് ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ എം.പി ജോയ്സ് ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശത്തോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് എല്‍.ഡി.എഫ് പ്രചാരണ യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്..
അതേസമയം രാഹുല്‍ ഗാന്ധിക്കെതിരായ ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം സ്ത്രീ വിരുദ്ധവും ലൈംഗിക ചുവയുള്ളതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജോയ്സിനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജോയിസ് ജോര്‍ജിന്റേത് പക്വതയില്ലാത്ത വിലകുറഞ്ഞ പരാമര്‍ശമെന്ന് പിജെ ജോസഫും കുറ്റപ്പെടുത്തി. ജോയിസിന്റെ വാക്കുകള്‍ എല്‍ഡിഎഫിന്റെ അഭിപ്രായം ആണോയെന്നും ജോസഫ് തൊടുപുഴയില്‍ ചോദിച്ചു.
ഇടതുമുന്നണി പൊതുവില്‍ സ്ത്രീകളോട് സ്വീകരിക്കുന്ന സമീപനം ഇതില്‍ വ്യക്തമെന്ന് കോണ്‍ഗ്രസ് നേതാവ് എം. ലിജു അഭിപ്രായപ്പെട്ടു. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് ജോയ്സ് ജോര്‍ജിന് എതിരെ കേസ് എടുക്കണമെന്നും ലിജു ആവശ്യപ്പെട്ടു.