സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയത് പൊലീസോ ജയില്‍ ഉദ്യോഗസ്ഥരോ ആകാമെന്ന് കസ്റ്റംസ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന കോടതിയിൽ പരാതി നൽകിയിരുന്നു. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്താതിരിക്കാനാണ് ഭീഷണിപ്പെടുത്തിയതെന്നും സ്വപ്ന ആരോപിച്ചിരുന്നു. കോഫെപോസെ അധികൃതർക്കും സ്വപ്ന പരാതി എഴുതി നൽകിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ അല്ലാതെ മറ്റാരും സ്വപ്നയെ കാണാൻ എത്തിയിട്ടില്ലായെന്നാണ് ജയിൽ വകുപ് അറിയിച്ചത്. ചോദ്യം ചെയ്യലിനായി ഇഡി, കസ്റ്റംസ്, വിജിലൻസ് ഉദ്യോഗസ്ഥരും സന്ദർശനത്തിനായി വീട്ടുകാരും മാത്രമാണ് വന്നിട്ടുള്ളതെന്നും ജയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.
സ്വപനയോട് സംസാരിച്ചതിൽ നിന്നും ആരാണ് ഭീഷണിപ്പെടുത്തിയത് എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വപ്ന കസ്റ്റംസിന്റെ കസ്റ്റഡിയിൽ ആണ്. അതുകൊണ്ട് തന്നെ പലകാര്യങ്ങളും സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ നിന്നുമാണ് ഈ ഒരു വിലയിരുത്തലിലേക്ക് കസ്റ്റംസ് എത്തിയത്.