കൊച്ചി: ടോക്കിയോ ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ചരിത്ര മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ മലയാളി താരം പി.ആര്. ശ്രീജേഷ് ഇന്ന് കൊച്ചിയിലെത്തും. വെങ്കല തിളക്കവുമായി എത്തുന്ന താരത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരും കായിക പ്രേമികളും.
വൈകിട്ട് അഞ്ച് മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്, ഹോക്കി അസോസിയേഷനും ചേര്‍ന്നാണ് നാടിന്റെ താരത്തിന് സ്വീകരണം ഒരുക്കുന്നത്. ജന്മനാടായ കിഴക്കമ്പലത്തും ശ്രീജേഷിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനം ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കുന്നത് വൈകുന്നത് വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് താരം നാട്ടില്‍ തിരിച്ചെത്തുന്നത്.എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അറിയില്ല എന്നായിരുന്നു ശ്രിജേഷ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒളിംപിക്സ് മെഡലുകള്‍ക്ക് പിന്നാലെ തങ്ങളുടെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
41 വര്‍ഷത്തിന് ശേഷമാണ് ഒളിംപിക് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടിയത്. ഒളിംപിക്സ് ഹോക്കിയില്‍ രാജ്യം 12-ാം തവണയാണ് മെഡല്‍ സ്വന്തമാക്കുന്നത് എന്ന സവിശേഷതയുമുണ്ട്. ഗോള്‍ പോസ്റ്റിന് കീഴെ പി ആര് ശ്രീജേഷ് പുറത്തെടുത്ത മിന്നും മികവിലായിരുന്നു ഇന്ത്യയുടെ വെങ്കല നേട്ടം.