പതിനഞ്ചാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി വി ശിവന്‍കുട്ടി, എം എല്‍ എമാരായ ഉമ്മന്‍ ചാണ്ടി, ഷാഫി പറമ്പില്‍, എം രാജഗോപാല്‍ തുടങ്ങിയവരും വോട്ട് ചെയ്തു. സംസ്ഥാനത്തെ 140 എംഎല്‍എമാര്‍ക്ക് പുറമേ യുപി, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ജന പ്രതിനിധികള്‍ കേരളത്തിലെത്തി വോട്ട് രേഖപ്പെടുത്തും.
ഉത്തര്‍പ്രദേശ് സേവാപുരി മണ്ഡലത്തിലെ എംഎല്‍എ നീല്‍ രത്തന്‍ സിങ് ആയുര്‍വേദ ചികിത്സയ്ക്കായി ഇപ്പോള്‍ കേരളത്തിലുള്ളതിനാലാണ് ഇവിടെ വോട്ട് ചെയ്യുന്നത്. യുപിയില്‍ എന്‍ഡിഎയുടെ ഘടകക്ഷിയായ അപ്നാ ദള്‍ പാര്‍ട്ടിയുടെ പ്രതിനിധിയാണ് അദ്ദേഹം. തമിഴ്നാട്ടിലെ തിരുനെല്‍വേലി എംപി എസ്.ജ്ഞാനതിരവിയവും വോട്ടു ചെയ്യാന്‍ എത്തും. കോവിഡ് ബാധിതനായതിനാല്‍ ഏറ്റവും അവസാനമാകും ഇദ്ദേഹത്തിന് വോട്ടു ചെയ്യാനുള്ള അവസരം. രണ്ടു പേരുടെയും വോട്ടുകള്‍ പക്ഷേ കേരളത്തിന്റെ വോട്ടുകള്‍ക്കൊപ്പം ചേര്‍ക്കില്ല.
രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നിയമസഭയിലെ മൂന്നാം നിലയില്‍ സജ്ജീകരിക്കുന്ന ബൂത്തിലാണ് വോട്ടെടുപ്പ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ് ദ്രൌപദി മുര്‍മ്മുവും ഐക്യപ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന് ഹയും ആണ് മത്സരരംഗത്ത് ഉള്ളത്.