സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാവുകയാണ് സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയിന്. ഇതിന് കരുത്ത് പകര്‍ന്ന് നടന് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2020 ഡിസംബറിലാണ് പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന ബിജെപി നേതാവ് എത്തിയത്. ഇതോടെ, അവിടുത്തെ ജനങ്ങളുടെ ജീവിത രീതിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമാകുന്നത്. ലക്ഷദ്വീപുമായി തനിക്കുള്ള ബന്ധവും അനുഭവങ്ങളുമായി പ്രിഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ ജനങ്ങളെ കേള്‍ക്കണമെന്നും, അവര്‍ക്ക് എന്താണ് ആവശ്യമെന്ന് അവരേക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയില്ലെന്നും പൃഥ്വിരാജ് കുറിച്ചു. ലക്ഷദ്വീപിന്റെ സ്വൈര ജീവിതം തടസ്സപ്പെടുത്തുന്നത് എങ്ങനെ വികസനമാകുമെന്ന് നടന്. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആറാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ സ്കൂളില്‍ നിന്നും ഉല്ലാസയാത്ര പോയത് ലക്ഷദ്വീപിലേക്കായിരുന്നു. ടര്‍ക്കോയ്സ് വെള്ളത്തെയും സ്ഫടിക വ്യക്തമായ തടാകങ്ങളും എനിക്ക് ഭയമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം, സച്ചിയുടെ അനാര്‍ക്കലിക്ക് വേണ്ടി വീണ്ടും ലക്ഷദ്വീപിലെത്തി. ഞാന്‍ കവരത്തിയില്‍ ഒരു 2 മാസം ചെലവഴിച്ചു, ഒപ്പം ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന നല്ല ഓര്‍മ്മകളും സുഹൃത്തുക്കളും ലഭിച്ചു. രണ്ട് വര്‍ഷം മുമ്ബ് ഞാന്‍ വീണ്ടും ലക്ഷദ്വീപിലേക്ക് പോയി. ഞാന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വന്‍സ് ഷൂട്ട് ചെയ്യാനായിരുന്നു അത്. ലക്ഷദ്വീപിലെ അത്ഭുതകരവും ഊഷ്മളവുമായ ഹൃദയമുള്ള ആളുകളുടെ പിന്തുണയില്ലാതെ എനിക്ക് ഇതൊന്നും സാധ്യമാകുമായിരുന്നില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ ദ്വീപില്‍ നിന്നും എനിക്കറിയാവുന്നതും അറിയാത്തതുമായ ആളുകള്‍ മെസേജുകള്‍ അയക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ എന്നാല്‍ കഴിയുന്നത് ചെയ്യണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. ലക്ഷദ്വീപിനെ കുറിച്ച് ഒരു ലേഖനമെഴുതാനൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്തുകൊണ്ടാണ് പുതിയ അഡ്മിനിസ്ട്രേറ്ററുടെ ‘പരിഷ്കാരങ്ങള്‍’ തികച്ചും വിചിത്രമെന്ന് തോന്നുന്നതെന്നും ഞാന്‍ കുറിക്കുന്നില്ല. അത്തരം കാര്യങ്ങളെക്കുറിച്ച് വായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതെല്ലാം ഇപ്പോള്‍ എളുപ്പത്തില്‍ തന്നെ ഓണ്‍ലൈനില്‍ ലഭ്യമാണ്.
അവിടെ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ആരും സന്തോഷവാന്മാരല്ല. എന്നോട് സംസാരിച്ചവരാരും ഹാപ്പിയല്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയുള്ളതല്ലെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണുള്ളത്.ഇത് ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര പ്രദേശത്തെയോ ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയി വേര്‍തിരിക്കുന്ന അതിര്‍ത്തിയല്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ഒത്തുതീര്‍പ്പിന്റെ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു? ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ വളരെ അതിലോലമായ ദ്വീപ് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും?
നമ്മുടെ സിസ്റ്റത്തില്‍ എനിക്ക് വിശ്വാസമുണ്ട്. നമ്മുടെ ജനങ്ങളിലും വിശ്വാസമുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്ബോള്‍, അതോറിറ്റിയുടെ ചെയ്തികളെ കുറിച്ച് പോസ്റ്റുകളിലൂടെയും അല്ലാതേയും അവര്‍ അത് ലോകത്തിന്റെയും അവരുടെ ഗവണ്മെന്റിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നു. അവര്‍ക്ക് അതല്ലാതെ മറ്റൊരു വഴിയില്ലെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍, ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍, ലക്ഷദ്വീപിലെ ജനങ്ങളെ കേള്‍ക്കുക, അവരുടെ നാടിന് ഏറ്റവും നല്ലത് എന്താണെന്ന് അവര്‍ക്കാണ് അറിയാവുന്നത്, അവരെ വിശ്ശ്വസിക്കുക. ഭൂമിയിലെ ഏറ്റവും അനോഹരമായ സ്ഥലമാണത്, അതിലും മനോഹരമായ ആളുകളാണ് അവിടെ താമസിക്കുന്നത്.