എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ പുതിയ കേസ്. പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചരണം നടത്തിയതിനാണ് കേസ്.
പേട്ട പൊലീസാണ് കേസെടുത്തത്. നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് എതിരേയും കേസെടുത്തിട്ടുണ്ട്.
അതേസമയം ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എല്‍ദോസിന് തിരുവനന്തപുരം അഡി. സെഷന്‍സ് കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ മുവാറ്റുപുഴയിലെ വീട്ടിലെത്തി. ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയാണെന്നും അത് തെളിയിക്കുമെന്നും എല്‍ദോസ് പറഞ്ഞു.കെപിസിസി പ്രസിഡന്റിനെ വിളിച്ച് സംസാരിച്ചു. പാര്‍ട്ടിക്ക് വിശദീകരണം നല്കി. ഒളിവില്‍ പോയിട്ടില്ല, കോടതിക്ക് മുന്നില്‍ തന്റെ അപേക്ഷ ഉണ്ടായിരുന്നെന്ന് എല്‍ദോസ് പറഞ്ഞു.നാളെ കോടതിയില്‍ ഹാജരായി ജാമ്യനടപടി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പാര്‍ട്ടി നടപടി ഇന്ന് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. കെപിസിസി പ്രസിഡന്റുമായി ആലോചിച്ചതിനുശേഷം തീരുമാനമെടുക്കും. ജാമ്യം ലഭിച്ചതും എല്‍ദോസ് കുന്നപ്പള്ളിലിന്റെ വിശദീകരണവും പരിഗണിച്ചായിരിക്കും നടപടി. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് ശേഷം എംഎല്‍എ ഓഫീസില്‍ ലഡു വിതരണം ചെയ്തതില്‍ അസ്വാഭാവികതയില്ലെന്നും വി.ഡി.സതീശന് പറവൂര്‍ കുന്നുകരയില്‍ പറഞ്ഞു. പൊലീസ് സിപിഐഎം നിയന്ത്രണത്തിലാണ്. മുഖ്യമന്ത്രി പൊലീസിനെ നിര്‍വീര്യമാക്കുന്നു. എസ്പിയെ ജില്ലാ സെക്രട്ടറിയും എസ്എച്ച്ഒയെ ഏരിയ സെക്രട്ടറിയും നിയന്ത്രിക്കുന്നുവെന്നും വി.ഡി.സതീശന് പറഞ്ഞു.