ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 36 പുതുമുഖങ്ങളെ ഉൾപെടുത്തി കേന്ദ്രമന്ത്രിസഭ വിപുലീകരിച്ചതിന് പിന്നാലെ വിമർശനവുമായി രാഹുൽ ഗാന്ധി. രാജ്യം കോവിഡ് മൂലം ദുരിതമനുഭവിക്കുമ്ബോൾ വാക്സിന് പകരം മന്ത്രിമാരുടെ എണ്ണമാണ് കൂട്ടിയതെന്ന് രാഹുലിന്റെ വിമർശനം.കേന്ദ്രമന്ത്രിസഭ 36 പുതുമുഖങ്ങളെ ഉൾപെടുത്തി വിപുലീകരിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ വിമർശനം. ഇതോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 78ആയി. 81ആണ് കേന്ദ്രമന്ത്രിസഭയിൽ ഉൾപെടുത്താവുന്ന മന്ത്രിമാരുടെ പരമാവധി എണ്ണം.
മന്ത്രിമാരുടെ എണ്ണം കൂട്ടിയെന്നും കോവിഡ് പ്രതിരോധ വാക്സിനുകളുടേതല്ല എന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. ‘വാക്സിനുകളുടേതല്ല, മന്ത്രിമാരുടെ എണ്ണം കൂട്ടി’ -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കൂടാതെ രാജ്യത്തെ വാക്സിനേഷൻ നിരക്ക് സംബന്ധിച്ച കണക്കും ട്വീറ്റിൽ പങ്കുവെച്ചു.
ഇൻഡ്യയിൽ കോവിഡിന്റെ മൂന്നാംതരംഗം ഒഴിവാക്കുന്നതിന് ഡിസംബറോടെ 60 ശതമാനംപേരും വാക്സിൻ സ്വീകരിക്കണം. ഇതിനായി 88ലക്ഷം പേർക്ക് പ്രതിദിനം വാക്സിൻ നൽകണം. എന്നാൽ പ്രതിദിനം ഇത്രപേർക്ക് നിലവിൽ വാക്സിൻ നൽകുന്നില്ല. വാക്സിൻ നൽകുന്നതിലെ ഈ കുറവ് പ്രതിരോധ പ്രവർത്തനങ്ങളെയാണ് ബാധിക്കുന്നത്.ശനിയാഴ്ച 37ലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്. അതായത് 51 ലക്ഷത്തിന്റെ കുറവ്. കഴിഞ്ഞ ഏഴുദിവസത്തെ കണക്കുകളിലും ഇത്തരം കുറവ് കാണാൻ സാധിക്കുമെന്നും രാഹുൽ ട്വിറ്ററിൽ വ്യക്തമാക്കുന്നു.