കേന്ദ്രസർക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികൾ. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി. കർഷക രോഷത്തിന് മുന്നിൽ കീഴടങ്ങിയത് പോലെ യുവാക്കളുടെ പ്രതിഷേധത്തിന് മുന്നിലും മോദിക്ക് മുട്ട് മടക്കേണ്ടി വരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. എൻഡിഎ സര്‍ക്കാരിന്റെ എട്ട് വർഷത്തെ ഭരണത്തിൽ ജയ് ജവാൻ ജയ് കിസാൻ മുദ്രാവാക്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിച്ചെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പിലാക്കാനൊരുങ്ങുന്ന അഗ്നിപഥ് പദ്ധതി ഉടൻ പിൻവലിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. യുവജനങ്ങൾ പദ്ധതിക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങളെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയെയും യുവാക്കളുടെ തൊഴിലിനെയും പ്രതികൂലമായി ബാധിക്കുന്ന പദ്ധതി അടിയന്തരമായി പിൻവലിക്കണം. എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധങ്ങളെ പിന്തുണച്ച് രംഗത്ത് വരണം. സൈന്യത്തിലെ സ്ഥിരം റിക്രൂട്ട്മെൻറ്കൾ വർധിപ്പിക്കുകയാണ് വേണ്ടതെന്നും യെച്ചൂരി വ്യക്തമാക്കി.