ന്യൂഡല്‍ഹി : നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തേക്കുമെന്ന് സൂചന.
സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നതിനാല്‍ രാഹുലിനെ വേട്ടയാടുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുലിനെ ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതികരിച്ചു. എത്ര അടിച്ചമര്‍ത്താന്‍ നോക്കിയാലും മുന്നോട്ടു പോകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് രാഹുല്‍ ഇഡിക്കു മുന്നില്‍ ഇന്ന് ഹാജരാകും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടും 23ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഇഡി ഓഫിസിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ചൊവ്വാഴ്ച രാവിലെ 11.30നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. രണ്ടാം ദിവസം നടന്ന ചോദ്യം ചെയ്യലില്‍ എല്ലാ ചോദ്യങ്ങള്‍ക്കും രാഹുലിന്റെ ഭാഗത്തുനിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് ഇന്നും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഇഡി വ്യത്തങ്ങള്‍ പറഞ്ഞു. ഇഡിയിലെ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച 10 മണിക്കൂര്‍ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്നലെ രാത്രി വരെ 11 മണിക്കൂറോളം നീണ്ട നടപടികള്‍. ചോദ്യം ചെയ്യലിനു ശേഷം രാത്രി രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്കയ്ക്കൊപ്പം ശ്രീ ഗംഗാറാം ആശുപത്രിയിലെത്തി മാതാവ് സോണിയ ഗാന്ധിയെ കണ്ടു. കോവിഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സോണിയ ആശുപത്രിയില്‍ ചികിത്സയിലാണ്.