സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിലായി നിൽക്കുന്ന ചക്രവാതച്ചുഴിയുടേയും തെക്കേ ഇന്ത്യയ്ക്ക് മുകളിൽ നിൽക്കുന്ന ന്യൂനമർദ്ദത്തിന്റേയും ഫലമായിട്ടാണ് മഴ ശക്തമാകുന്നത്.
അടുത്ത ദിവസങ്ങളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയുണ്ടാകും. മഴയ്ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത.
കേരള തീരത്ത് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനും മോശം കാലാവസ്ഥ തുടരാനും സാധ്യതയുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ്.