32 വർഷം ജയിലിൽ കഴിഞ്ഞ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒടുവിൽ മോചനം. സുപ്രീം കോടതിയുടേതാണ് തീരുമാനം. പേരറിവാളന്റെ മോചനത്തില് സര്ക്കാര് അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന് സുപ്രീംകോടതിയെ സമീപിച്ചത്. പേരറിവാളന്റെയും അമ്മയുടെയും ഹർജികളിലാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു വിധി പ്രസ്താവിച്ചത്. എത്രയും വേഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് ഉത്തരവ്. ജയിലിൽ നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. വിചാരണക്കോടതി മുതൽ സുപ്രിംകോടതി വരെ പേരറിവാളന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി.
1991ലാണ് പേരറിവാളൻ അറസ്റ്റിലായത്. രാജീവ് ഗാന്ധി വധക്കേസിൽ 32 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളൻ. 1991 ജൂൺ 11 ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ പേരറിവാളിനെ അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന് 20 വയസ് തികയാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
അറസ്റ്റിലാകുന്ന സമയത്ത് പേരറിവാളൻ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ ശിവരാസന് സ്ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേൽ ചുമത്തിയ കുറ്റം. അറസ്റ്റിന് പുറകെ പലരും പേരറിവാളന്റെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും, വധിക്കപ്പെട്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നതിനാൽ കേസ് ഏറെ ചർച്ച ചെയ്യപ്പെട്ടു.