മിക്സർ മാർഷൽ ആർട്ട്സിലെ (എം.എം.എ) ലോകത്തെ പ്രധാന മത്സരമായ ബ്രേവ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് യു.പി സ്വദേശിയായ റാണാ രുദ്ര പ്രതാപ് സിംഗ് മത്സരിക്കും. പാകിസ്ഥാനെതിരായാണ് റാണയുടെ മത്സരം. കൊച്ചിയിലെ ബോക്സിംഗ് ക്ലബാണ് റാണ രുദ്ര പ്രതാപിനെ സ്പോൺസർ ചെയ്യുന്നത്. മത്സരിച്ച എല്ലാ ഫൈറ്റുകളിലും (11 -11 )വിജയം നേടിയ റാണ പരിശീലനത്തിനായി ഇന്നലെ കൊച്ചിയിലെത്തി. കഴിഞ്ഞ പത്ത് വർഷമായി എം.എം.എ ഫൈറ്റിങ്ങിൽ പരിശീലനം നടത്തുകയാണ് റാണ.
ദിവസേന അഞ്ച് മണിക്കൂർ മാത്രമാണ് വിശ്രമം ഉള്ളതെന്നും മറ്റു സമയങ്ങളിൽ പൂർണ പരിശീലനമാണ് നൽകുന്നതെന്നും ബോക്സിംഗ് ക്ലബ് ഡയറക്ടർ കെ.എസ്. വിനോദ്, കോച്ച് സ്വാമിനാഥൻ എന്നിവർ എറണാകുളം പ്രസ്ക്ലബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മിക്സർ മാർഷൽ ആർട്ട്സ് പുതുതലമുറയിൽ ജനകീയമാകണമെന്നും ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഇത് സഹായകരമാകുമെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത എം.എം.എ ചാമ്പ്യനും ചലച്ചിത്രതാരവുമായ രാജീവ് പിള്ള പറഞ്ഞു.
ബ്രേവ് ഫൈറ്റിങ് മത്സരത്തിൽ എം.എം.എ വിഭാഗത്തിൽ സെലക്ഷൻ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് റാണ. വരുന്ന മാർച്ചിൽ യു.എ.ഇ യിലാണ് മത്സരം. വിജയം ഉറപ്പാക്കാനുള്ള കഠിന പരിശീലനത്തിലാണെന്നും കേരളത്തിലെ പരിശീലനം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും റാണാ രുദ്ര പ്രതാപ് പറഞ്ഞു. മത്സരത്തിൽ നിന്ന് പിന്മാറണം എന്ന ആവശ്യവുമായി പാകിസ്താനിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നും എന്നാൽ പിന്മാറാൻ ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് പിള്ള, കെ.എസ്. വിനോദ്, സ്വാമിനാഥൻ, സിബി എന്നിവർ റാണാ രുദ്ര പ്രതാപ് സിംഗിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.