ഡൽഹിയിലെ പ്രതിദിന കൊറോണ കേസുകളുടെ എണ്ണത്തിൽ ഇരട്ടിയോളം വർദ്ധനവ്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,009 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.21% ൽ നിന്ന് 5.7% ആയി ഉയർന്നു. നിലവിൽ 2,641 പൊസിറ്റീവ് കേസുകൾ ആണുള്ളത്.
കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ മാസ്ക് ഒഴിവാക്കിക്കൊണ്ടുളള മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഡൽഹി ദുരന്തനിവാരണ അതോറിറ്റി ഉത്തരവായി. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കുകയും നിയമലംഘകർക്ക് 500 രൂപ പിഴ ചുമത്തുകയും ചെയ്തു. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. വിദഗ്ധരുമായി കൂടിയാലോചിച്ച് ഏതുവിധേനയാണ് ക്ലാസ് നടത്തേണ്ടതെന്ന അവരുടെ നിർദ്ദേശപ്രകാരം മാത്രമെ അധ്യയനം നടക്കൂ. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം മറ്റ് സംസ്ഥാനങ്ങളിളും കേസുകളുടെ എണ്ണം കൂടി വരികയാണ്. ഇന്നലെ രാജ്യത്ത് 2067 പുതിയ കേസുകളും 40 മരണങ്ങളും റിപ്പോർട്ട് ചെയ്തു, പൊസറ്റീവ് കേസുകളുടെ എണ്ണം 12,340 ആയി ഉയർന്നു. ഡൽഹിക്കുപുറമെ കേരളം, കർണാടക, ഹരിയാന സംസ്ഥാനങ്ങളിലാണ് പൊസിറ്റീവ് കേസുകൾ കൂടുതലുള്ളത്.