പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുമായി ബന്ധപ്പെട്ട ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറുന്നു. ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ തന്നെ റൊണാള്‍ഡോ യുവന്റസ് വിടുമെന്നാണ് സൂചന. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്ബന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് താരത്തില്‍ കണ്ണുവച്ചിട്ടുള്ളത്.
ചര്‍ച്ചകള്‍ക്കായി ക്രിസ്റ്റ്യാനോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡെസ് സ്വകാര്യവിമാനത്തില്‍ ടൂറിനിലെത്തി. കാസല്ലെ വിമാനത്താവളത്തിലിറങ്ങിയ മെന്‍ഡെസ് നേരെ പോയത് റൊണാള്‍ഡോയുടെ വീട്ടിലേക്കാണ്. യുവന്റസുമായി ഒരു വര്‍ഷം കൂടി താരത്തിന് കരാര്‍ ബാക്കിയുണ്ട്.
രണ്ടു വര്‍ഷത്തെ കരാറില്‍ ആഴ്ചയില്‍ 230,000 യൂറോ പ്രതിഫലമാണ് സിറ്റി ക്രിസ്റ്റ്യാനോയ്ക്ക് മുമ്ബില്‍ വച്ചിട്ടുള്ളത്. ട്രാന്‍സ്ഫര്‍ ഫീ എത്രയെന്നതില്‍ വ്യക്തതയില്ല. ഫീയായി 35 മില്യണ്‍ യൂറോ യുവന്റസ് ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ലയണല്‍ മെസ്സിയെ സ്വന്തമാക്കിയ പി.എസ്.ജിക്ക് ക്രിസ്റ്റ്യാനോയില്‍ താത്പര്യമില്ലെന്നാണ് സൂചന. ട്രാന്‍സ്ഫര്‍ ജേണലിസ്റ്റായ ഫബ്രിസിയോ റൊമാനോ ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തു. നേരത്തെ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായി പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റ്യാനോ ബൂട്ടുകെട്ടിയിട്ടുണ്ട്. മുന്‍ ക്ലബായ റയല്‍ മാഡ്രിഡിലേക്കില്ലെന്ന് താരം ഈയിടെ വ്യക്തമാക്കിയിരുന്നു.
2018ല്‍ റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് ചേക്കേറിയ താരം ഇറ്റാലിയന്‍ ടീമിനൊപ്പം രണ്ട് സീരി എ ലീഗ് കിരീടങ്ങളും ഒരു ഇറ്റാലിയന്‍ കപ്പും നേടിയിട്ടുണ്ട്. എന്നാല്‍ യൂറോപ്പിലെ ഏറ്റവും വലിയ കിരീടമായ ചാമ്ബ്യന്‍സ് ലീഗ് ഇതുവരെ നേടാന്‍ താരത്തിനായിട്ടില്ല.
‘ക്രിസ്റ്റിയാനോയുടെ സൈനിങ് അബദ്ധം’
ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്കിടെ ക്രിസ്റ്റ്യാനോയ്ക്കെതിരെ യുവന്റസ് മുന്‍ പ്രസിഡണ്ട് ജിയോവാനി കൊബോലി ഗിഗ്ലി രംഗത്തെത്തി. താരവുമായുള്ള കരാര്‍ ക്ലബിന്റെ അബദ്ധമായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.
‘ആത്മാര്‍ത്ഥമായി പറയട്ടെ. റൊണാള്‍ഡോയുടെ സൈനിങ് അബദ്ധമായിരുന്നു. നിക്ഷേപം തിരിച്ചുപിടിക്കുക അസാധ്യമാണ്. അതങ്ങനെ തന്നെ തുടരും. അദ്ദേഹം മഹാനായ കളിക്കാരനാണ്. എന്നാല്‍ സത്യസന്ധമായി പറയട്ടെ, ഏറ്റവും വേഗത്തില്‍ ടീം വിടുന്നത് അദ്ദേഹത്തിനും ക്ലബിനും നല്ലതാണ്. യുവന്റസിന്റെ ആക്രമണത്തിന് ക്രിസ്റ്റ്യാനോ തടസ്സമുണ്ടാക്കുന്നു. അദ്ദേഹമില്ലാതെ തന്നെ കൂട്ടായി ടീമിന് മികച്ച കാര്യങ്ങള്‍ ചെയ്യാനാകും.’- മുന്‍ പ്രസിഡണ്ട് പറഞ്ഞു.