ഗംഗുബായ് എന്ന ആലിയ ബട്ട് ചിത്രത്തെ മറികടന്ന ശേഷം ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് റോബോട്ടായി തിളങ്ങിയ 2.0യുടെ ആകെ കളക്ഷന്‍ മറികടന്ന് മുന്നേറുകയാണ് എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍.
ജൂനിയര്‍ എന്‍ടിആറും രാം ചരണും ഒന്നിച്ചെത്തുന്ന ആര്‍ആര്‍ആര്‍ മാര്‍ച്ച് 25നാണ് തിയേറ്ററുകളിലെത്തിയത്.
പത്ത് ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ ചിത്രം നേടിയത് 818.06 കോടി രൂപയാണ്. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്തിരന് എന്ന ചിട്ടി റോബോട്ട് ചിത്രത്തിന് ശേഷം ശങ്കര്‍ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം 2.0 നേടിയ 800 കോടി പിന്നിട്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആറാമത്തെ ഇന്ത്യന്‍ ചിത്രമായി മാറിയിരിക്കുകയാണ് ആര്‍ആര്‍ആര്‍.
ദംഗല്‍, ബാഹുബലി: ദി കണ്ക്ലൂഷന്, ബജ്റംഗി ഭായിജാന്, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, പികെ എന്നിവയാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ നേടിയിരിക്കുന്നത്. നിലവില്‍ ആറാം സ്ഥാനത്താണ് ആര്‍ആര്‍ആര്‍.